2017, ഏപ്രിൽ 18, ചൊവ്വാഴ്ച

ഒരു സായംസന്ധ്യയിൽ..... മുംബൈ പാട്ടോളം സംഗീതസദ്യയിൽ.....


Blog post no: 459 -

ഒരു സായംസന്ധ്യയിൽ..... മുംബൈ പാട്ടോളം സംഗീതസദ്യയിൽ.....



ഞെരളത്ത് കലാശ്രമം മുംബൈ പാട്ടോളം - ഒരു തനി കേരളം സംഗീതോത്സവത്തിൽ ഒരു കാണിയാകാൻ, ശ്രോദ്ധാവാകാൻ ഭാഗ്യമുണ്ടായി - ഇന്നലെ.  കൂടെ സുഹൃത്തും ബന്ധുവുമായ ഗോപിയും (പി. ഗോവിന്ദൻകുട്ടി നായർ, പ്രസിഡന്റ്, മുംബൈ കണ്യാർകളി സംഘം).  അവിടെ എത്തിയപ്പോൾ കണ്യാർകളി സംഘത്തിന്റെ  ജീവനാഡികളായ ഉദയകുമാർ, നാരായണൻ കുട്ടി, ജയരാജ്,  അമ്പിളി (അരവിന്ദ്) തുടങ്ങിയവരെയൊക്കെ കണ്ടു. സിനിമ/സീരിയൽ/നാടക നടിയും  എന്റെ  ഒരു മരുമകളുമായ ജ്യോത്സ്നയെയും കുടുംബത്തെയും, പല പരിചയക്കാരെയും കണ്ടു.  

സ്ഥലത്ത് എത്തിയപ്പോൾത്തന്നെ നാടകനടനും, അവതാരകനുമായ പ്രസാദ്, ഷൊർണൂരിന്റെ പ്രൗഢഗംഭീരമായ ശബ്ദം മൈക്കിലൂടെ ഒഴുകുന്നുണ്ടായിരുന്നു. 


സുജിത്തിന്റെ ഇടക്കവാദ്യം ഗംഭീരമായി.  കലാശ്രമത്തിലെ ഞെരളത്ത് ഹരിഗോവിന്ദൻ പിന്നീട് ഒരു സന്ദർഭത്തിൽ വളരെ സരസമായി പറഞ്ഞപോലെ, വംശനാശം വന്നുപോകാനിടയുള്ള കലാകാരന്മാരിൽ  - ഇന്ന് ജീവിച്ചിരിക്കുന്ന ചുരുക്കം ചില പ്രഗത്ഭരിൽ  ഒരാൾ!   

മാപ്പിള ഷെഹനായി - വളരെ നന്നായിരുന്നു.  ചില കേട്ടു പരിചയമുള്ള മാപ്പിളപ്പാട്ടുകൾ അവർ സംഗീതമയമാക്കി. 

ഗോദാമുരിപ്പാട്ടും, തോറ്റംപാട്ടും അവതരിപ്പിച്ച കലാകാരന്മാർ ഇത്ര പ്രാചീനമായ, പ്രശസ്തമായ (എന്നാൽ ഇന്നത്തെ തലമുറയ്ക്ക് അത്രയ്ക്ക് പരിചയമില്ലാത്ത) അവരുടെ പ്രകടനം കാഴ്ചവെക്കാൻ സാധിച്ചതിലുള്ള സന്തോഷം പങ്കുവച്ചപ്പോൾ, അത് പറഞ്ഞപ്പോൾ വികാരാധീനനായി.  പാട്ടു തുടങ്ങുന്നതിനു മുമ്പായി, കഥ ചെറുതായി വിവരിച്ചു.  അസുരന്മാരാൽ, മനുഷ്യർക്ക് ജീവിക്കാൻ വയ്യാതായപ്പോൾ, ദേവന്മാർ അവരുടെ രക്ഷക്കായി കാമധേനുവിനെ ഭൂമിയിലേക്കയച്ചു.  അതുമായി ബന്ധപ്പെട്ടതാണ് ആദ്യം പറഞ്ഞത്.  ശങ്കരാചാര്യരും വേഷം മാറിവന്ന ശിവനും തോറ്റംപാട്ടിൽ കഥാപാത്രങ്ങളായി.  

കുത്തിയോട്ടപ്പാട്ടിൽ പ്രധാനമായി ശാകുന്തളം കഥയായിരുന്നു.  

പിന്നീട്, വാസുദേവനും (ശ്രീക്കുട്ടൻ) കൂട്ടരും കണ്യാര്കളിപ്പാട്ടു അവതരിപ്പിച്ചു.  അതിൽ, പരിചമുട്ടും (മുസ്ലിം കൂട്ടപ്പൊറാട്ട്) ചെറുമിപ്പൊറാട്ടും, വെള്ളക്കൊടിച്ചി-വേശക്കോടിച്ചിയും എനിക്ക് വളരെ ഇഷ്ടപ്പെട്ടു.  ഞങ്ങളുടെ ദേശത്തിൽ (തിരുവഴിയാട്) എന്റെ പതിനാറാം വയസ്സിനു മുമ്പ് (ഇന്ന് അത് തിരിച്ചിട്ടാൽ, അതിലധികം ആയി :) ) ഞാനും മുംബൈ കണ്യാർകളി സംഘത്തിന്റെ പ്രസിഡന്റ് ഗോപിയും ചെറുമിക്കുട്ടികൾ കളിച്ചത് എന്നും ഓർക്കും.  സവർണ്ണരെന്നോ അവര്ണ്ണരെന്നോ വ്യത്യാസം കാണാതിരുന്ന, സവർണ്ണരെന്നു പറയപ്പെടുന്നവർ അവർണ്ണരുടെ കൈകോർത്ത് ആടിപ്പാടുകയാണ് കണ്യാർകളിൽ.  അന്ന്, ചെറുമിക്കുട്ടികളെ ഒരുനോക്കു കാണാനായി (അതിനു ശേഷംവേണം പണിക്കു പോകാൻ) അക്ഷമരായി നിൽക്കുന്ന സാക്ഷാൽ ചെറുമികളെ, അവരുടെ സന്തോഷഭാവം ഞാൻ നിന്നെന്നപോലെ ഓർക്കുന്നു.... പോലല്ലാ ലല്ലേ......   കേട്ടപ്പോൾ, വാസ്തവത്തിൽ അടുത്തിരുന്ന ഗോപിയെയും കൂട്ടി സ്റ്റേജിൽ കയറി പഴയ ചെറുമിക്കുട്ടികളായി ആടിത്തകർത്താലോ എന്ന് തോന്നിപ്പോയി! 

അട്ടപ്പാടി സംഘത്തിന്റെ പാട്ട് മുഴുവൻ കേൾക്കാൻ പറ്റിയില്ല.  (വാഹന സൗകര്യം നോക്കി അല്പം നേരത്തെ ഇറങ്ങേണ്ടിവന്നു.) കഴിവുള്ള  കലാകാരന്മാർ!

അതെ, അവതാരകൻ സൂചിപ്പിച്ചപോലെ, പ്രാചീന കലകളുടെ, സംഗീതത്തിന്റെ എന്തെല്ലാം ഭാവങ്ങൾ! അതിൽ അറുപതോളം ''പാട്ടോളം'' നാട്ടിൽ അവതരിപ്പിച്ചു എന്ന് കേട്ടപ്പോൾ അത്ഭുതം തോന്നി.  

പാട്ടോളത്തിന്, കലാകാരന്മാർക്ക്, അണിയറപ്രവർത്തകർക്ക്, ആസ്വാദകർക്ക് കൂപ്പുകൈ. 

ചിത്രത്തിൽ: കണ്യാർകളിപ്പാട്ടുകൾ അവതരിപ്പിച്ച ശ്രീക്കുട്ടനും കൂട്ടരും ആദരിക്കൽ ചടങ്ങിനു ശേഷം. 

2017, ഏപ്രിൽ 6, വ്യാഴാഴ്‌ച

കമ്പിയില്ലാക്കമ്പി


Blog post no: 458 -

കമ്പിയില്ലാക്കമ്പി 


നീ എന്നിൽ കൊളുത്തിയ

സ്നേഹത്തിന്റെ  തിരിനാളം

അണയാതിരിക്കുന്നേടത്തോളം

സംശയമേ വേണ്ട, എന്നിലെ

ആത്മാർത്ഥ സ്നേഹത്തിന്റെ

കമ്പിയില്ലാക്കമ്പി സന്ദേശങ്ങൾ

നിന്നിലേക്ക്‌  മരണംവരെയും

എത്തിക്കൊണ്ടേയിരിക്കും.