2015, മേയ് 28, വ്യാഴാഴ്‌ച

കവിതകൾ


Blog post no: 386 -

കവിതകൾ
 
എന്റെ കവിതകൾ - ആസ്വാദനയോഗ്യമായവയാണോ?   തീര്ച്ചയായും വായിക്കുന്ന സുഹൃത്തുക്കൾ ആണ് അത് പറയേണ്ടത്.   ഇത്  എന്റെ എഴുത്തിന്റെ ഒരു ഭാഗം മാത്രം ആണ് -  മറ്റെല്ലാ ശാഖകളിലും ഞാൻ കുത്തിക്കുറിക്കുന്നുണ്ട് - ഇടയ്ക്കു വീണുകിട്ടുന്ന ഏതാനും നിമിഷങ്ങളിൽ.  ഒരു സാഹിത്യ - കവിതാ സ്നേഹം ഉള്ളതുകൊണ്ട് അത് സംഭവിച്ചുപോകുന്നു എന്ന് മാത്രം.  
 
കവിതകളെക്കുറിച്ച് പറയുകയാണെങ്കിൽ, സാധാരണ കവിതകൾക്ക്‌ പുറമേ, കൊച്ചു കൊച്ചു കവിതകൾ മനസ്സില് വന്നത് കുറെ എഴുതി. പിന്നീട് തോന്നി - രണ്ടോ മൂന്നോ എണ്ണം അങ്ങനെയുള്ളവ കുഞ്ഞുകവിതകൾ എന്ന പേരിൽ നമ്പർ ഇട്ടു എഴുതാം. അങ്ങനെ തോന്നിയതുമുതൽ ഇന്നേവരെ അവ 100 Blogs തികഞ്ഞു എന്ന സന്തോഷം ഞാൻ എന്റെ സുഹൃത്തുക്കളുമായി പങ്കു വെക്കുന്നു.  ഇതിൽ പോരായ്മകൾ പലയിടത്തും കാണും.  എങ്കിലും, ഒരു പ്രിയ സുഹൃത്തു എന്റെ കവിതകളിക്കുറിച്ചു ലേഖനമെഴുതി - മറ്റുള്ളവര്ക്ക് പരിചയപ്പെടുത്തി.   ഞാൻ എഴുതിക്കൊണ്ടേ ഇരിക്കുന്നു - സുഹൃത്തുക്കൾ വായിച്ചു കമന്റ്സ് ഇട്ടുകൊണ്ടേ ഇരിക്കുന്നു.  ഇത്തരുണത്തിൽ ഈ കുറിപ്പും ഇരിക്കട്ടെ എന്ന് തോന്നി.  പ്രതികരണങ്ങൾക്ക് നന്ദി, സന്തോഷം, സുഹൃത്തുക്കളേ.  

2015, മേയ് 24, ഞായറാഴ്‌ച

കുഞ്ഞുകവിതകൾ - 100


Blog Post No: 385 -

കുഞ്ഞുകവിതകൾ - 100


മലരുകളും മനുഷ്യരും

 

പുഷ്പത്തിൻ പരിമളം

പരക്കുന്നു എല്ലാടവും;

മാലിന്യ ദുര്ഗന്ധം

മടുപ്പിക്കുന്നു എല്ലാരെയും.

 

സജ്ജനങ്ങൾതൻ പുകൾ

സ ര് വ ത്ര  വ്യാപിക്കുന്നു

ദുർജ്ജനങ്ങൾതൻ ചെയ്തികൾ

ദു:ഖിപ്പിക്കുന്നു എല്ലാരെയും.

 

സജ്ജനങ്ങൾ ഗുണമുള്ള

പൂക്കൾക്ക് സമാനമാം;

ദുർജ്ജനങ്ങളോ, മാലിന്യ-

ക്കൂമ്പാരങ്ങൾക്കും സമം.

 

 
 

വീക്ഷണം


വീക്ഷണമൊന്നാകുമ്പോൾ,

വീക്ഷണങ്ങൾ സമാനമാകുമ്പോൾ,

വീക്ഷിക്കുന്നവരൊരേ തൂവൽപ്പക്ഷികളെപ്പോലെ!

വീക്ഷണങ്ങൾ വിഭിന്നമാകുമ്പോൾ

വീക്ഷിക്കുന്നവരോരോരോ  തൂവൽപ്പക്ഷികളെപ്പോലെയും.

വീക്ഷണം വിഭിന്നമാകുന്നത് സഹജ,മെന്നാൽ

വിമര് ശിക്കാനായി വീക്ഷിക്കുന്നവരുമുണ്ട്‌ ചിലർ.

 

2015, മേയ് 20, ബുധനാഴ്‌ച

കുഞ്ഞുകവിതകൾ - 99



Blog Post No: 384 -

കുഞ്ഞുകവിതകൾ - 99


മനുഷ്യർ!

സ്വർഗ്ഗത്തിൽ  ദേവതമാരാണത്രെ
നരകത്തിലോ അസുരഗണങ്ങളും.
ഭൂമിയിൽ മാനുഷരായ്പ്പിറന്നവർ
സ്വർഗ്ഗം പൂകണമെന്നാശിക്കുന്നോർ
മാനുഷിക ചാപല്യങ്ങൾ നിറയും
ചിന്തകൾ, പ്രവർത്തികളൊക്കവേ
നരകയാതനക്കായി വഴി മാറ്റുന്നു!
എന്നിരിക്കിൽകൂടിയപൂർവം ചില-
രവരുടെ സത്പ്രവത്തികൾകൊണ്ടു
സ്വർഗ്ഗവാതിൽക്കലെത്തിപ്പെടുമ്പോൾ,  
പലരുമീ ഭൂമിയിൽത്തന്നെ സ്വർഗ്ഗവും
നരകവുമനുഭവിക്കുന്നതും കാണാം!


മിത്രങ്ങൾ 

കവിതയും ഗാനവും കണ്ടുമുട്ടി, 
അവർ സുഹൃത്തുക്കളായി; 
എങ്കിലും അവർക്കിടയിൽ  
അഭിപ്രായവ്യത്യാസങ്ങൾ!
അവർ സംഗീതത്തെ ചെന്ന് കണ്ടു, 
സംഗീതം അവരുടെ 
അഭിപ്രായവ്യത്യാസങ്ങൾ 
പരിഹരിച്ചു, മൂവരും 
നല്ല മിത്രങ്ങളായി!   

2015, മേയ് 16, ശനിയാഴ്‌ച

കുഞ്ഞുകവിതകൾ - 98


Blog Post No: 383 -

കുഞ്ഞുകവിതകൾ - 98

നല്ലതും നല്ലതല്ലാത്തതും

വൃത്താന്തപത്രമെന്നൊരു പാഠം
പണ്ടു പഠിച്ചതായോർക്കുന്നു ഞാൻ;
പത്രത്തിൽ കാണും നല്ലതുമല്ലാത്തതും,
നല്ലതു സ്വീകരിക്കണമല്ലാത്തവയെ
തിരസ്ക്കരിക്കണമേന്നോരുപദേശവും.
വൃത്താന്തപത്രം വായനയൊക്കെ
കുറവായ ഇക്കാലത്തു മുഖപുസ്തക-
മതിൻസ്ഥാനത്തുണ്ടോ എന്നു സംശയം.
വൃത്താന്തപത്രത്തെപോലെതന്നെ
ഇവിടെയുമുണ്ടു നല്ലതുമല്ലാത്തതും,
നല്ലതു സ്വീകരിച്ചു നല്ലതല്ലാത്തതു
വലിച്ചെറിയുക ചവറ്റുകൊട്ടയിലേക്ക്.


മുഖപുസ്തകവും പ്രണയവും 

മന്നിതിലെ സുന്ദരമായ മനോവികാരം
മനസ്സിതിലെ മൃദുലമായ പ്രണയഭാവം
മാലോകരിലെത്തിക്കാനുള്ള എളുപ്പവിദ്യ
മുഖപുസ്തകമെന്ന മാധ്യമം!
മതിയായ ''ഇഷ്ടങ്ങൾ'' വന്നുവീഴുമ്പോൾ
മതിയായ നല്ലവാക്കുകൾ ലഭിക്കുമ്പോൾ
മനസ്സംതൃപ്തി കൈവരുന്ന നിമിഷങ്ങൾ
മനസ്സിൽ പ്രണയം മരിക്കാത്തോർക്കെല്ലാം!


സ്വാർത്ഥതക്കെതിരെ....

സമാധാനമെന്നൊരു സമരമുറ
സമരമെന്നൊരു സമാധാനം
സമാധാനവും സമരവും രണ്ടും
സത്ജനമനസ്സുകളിലുദിക്കുന്നു
സ്വാതന്ത്ര്യം വേണം നമ്മൾക്ക്
സ്വാർത്ഥതക്കെതിരെ പൊരുതണം
സമാധാനം ഫലിച്ചില്ലയെന്നാൽ
സമരംതന്നെ ആയുധം!

2015, മേയ് 14, വ്യാഴാഴ്‌ച

വിശുദ്ധി



Blog Post No: 382 -
വിശുദ്ധി

(മിനിക്കഥ)

കാലത്ത് നേരത്തെ മീറ്റിംഗ് ഉള്ളതാണ്.  കച്ചവട സുഹൃത്തുക്കൾ തലേന്ന് രാത്രിയിൽത്തന്നെ ഹോട്ടലിൽ എത്തി.  സുഖമായി ഉറങ്ങി.  എല്ലാവരും നേരത്തെ തന്നെ എഴുന്നേറ്റു ദേഹശുദ്ധി വരുത്തി. 
നിശ്ചയിക്കപ്പെട്ട സമയത്തുതന്നെ മീറ്റിംഗ് തുടങ്ങി.  അവർ തങ്ങളുടെ കച്ചവടത്തിന്റെ പുരോഗതിക്കു ആവശ്യമായ വിഷയങ്ങൾ സംസാരിച്ചു.  കൂട്ടത്തിൽ അതിനു പ്രതിബന്ധമായി നില്ക്കുന്ന ഒരാളെക്കുറിച്ചും.  ''അവനെ ഉടൻ തട്ടിക്കളയാനുള്ള പദ്ധതി നോക്കണം'', ഒരാൾ പറഞ്ഞു!
ആ അഭിപ്രായം എല്ലാവര്ക്കും സ്വീകാര്യമായി.  അത് ഒരു പ്രമേയമായി അവർ കയ്യടിച്ചു പാസ്സാക്കി. അങ്ങനെ അവർ മന:ശുദ്ധി വരുത്തി.
അവരുടെ മനസ്സിലുള്ള പിശാച് ആര്ത്തട്ടഹസിച്ചു; മനസ്സിലുള്ള ദൈവം ആ മനുഷ്യരുടെ ദുഷ്ചിന്ത മനസ്സിലാക്കി  പൊട്ടിക്കരഞ്ഞു!

2015, മേയ് 11, തിങ്കളാഴ്‌ച

കുഞ്ഞുകവിതകൾ - 97


Blog Post No: 381 -

കുഞ്ഞുകവിതകൾ - 97


Haiku:

ആലിലകൾ കിലുകിലെ ചിരിക്കുന്നു
ആളുകളുടെ നേരമ്പോക്ക് കേട്ട്
ആൽത്തറയിലെ തമാശക്കൂട്ടം


നിയതി 

നിയമങ്ങളെല്ലാമുണ്ടിവിടെ
നിയമ ലംഘനങ്ങളുമേറെ
നിയതിയെന്നതെന്താണോ
നിശ്ചയമായുമതു നടക്കും


മറക്കില്ല

മറക്കില്ല നിൻ മുഖം ഞാനെന്നും,
മറക്കില്ല നിൻ മുഖഭാവങ്ങളും;
മറക്കില്ല നിൻ മനസ്സ് ഞാനെന്നും,
മറക്കില്ല നിൻ നിഷ്കളങ്കത്വവും;
മറക്കില്ല നിൻ സംസാരരീതിയും,
മറക്കില്ല നിൻ പെരുമാറ്റരീതിയും;
മറക്കില്ല നിൻ ചോദ്യോത്തരങ്ങളും,
മറക്കില്ല നിൻ സമീപനരീതിയും;
മറക്കില്ല നിൻ സുഹൃത് സ്നേഹം,
മറക്കില്ല നിൻ സോദരതുല്യസ്നേഹവും.

2015, മേയ് 9, ശനിയാഴ്‌ച

തിരക്ക്, എന്നും തിരക്ക്!


Blog Post No: 380 -

തിരക്ക്, എന്നും തിരക്ക്! 
കഥ

അവൾ:  തിരക്കാണോ?

അവൻ:  അതെ, തിരക്കാ.

അവൾ:  എന്നാലും ഇടയ്ക്കു തിരക്കണ്ടേ?

അവൻ:  തിരക്കിനിടയിൽ തിരക്കിയാൽ ശരിയാവില്ല.

അവൾ:  തിരക്കില്ലാത്തപ്പോൾ തിരക്കിക്കൂടെ?

അവൻ: തിരക്കൊഴിഞ്ഞിട്ട് തിരക്കാൻ നേരം കിട്ടേണ്ടെ?

അവൾ:  ഈ തിരക്ക് എന്ന് തീരും?

അവൻ:  തിരക്കൊന്നും തീരാൻ പോകുന്നില്ല.

അവൾ:  അപ്പോൾ തിരക്കുന്ന കാര്യം ഉണ്ടാവില്ല അല്ലെ?

അവൻ:  അതെ, തിരക്കി തിരക്കി ഒരു പരുവമായതല്ലേ?

അവൾ: ഇങ്ങനെ എന്നും തിരക്കാതിരിക്കുന്നതുകൊണ്ട് എന്താ നേട്ടം?

അവൻ: വയറ്റുപ്പിഴപ്പെങ്കിലും നടക്കുമല്ലോ.

അവൾ: തിരക്ക് വയറിനു വേണ്ടിയാണെങ്കിൽ, തിരക്കുന്നത് മനസ്സിന് വേണ്ടിയല്ലേ?

അവൻ:  അതെ, ഇനി മനസ്സില്ല തിരക്കാൻ.

അവൾ:  ഇനി വാ തിരക്കാൻ, കാണിച്ചു തരാം.

അവൻ:  ഞാൻ ഇനി തിരക്കാൻ വരേണ്ടതില്ല എന്ന് വെച്ചു.  ഞാൻ എന്റെ കാര്യത്തിൽ എന്നും തിരക്കിലായാൽ മതിയല്ലോ എന്നും.

അവൾ:  ഇപ്പോൾ, ഒരു തിരക്കുമില്ല, തിരക്കാൻ മനസ്സില്ലാതെ ആണെന്ന് മനസ്സിലായി.

അവൻ:  മനസ്സിലായല്ലോ, അല്ലെ?  എനിക്കിനിമുതൽ എന്നും.  തിരക്കാ.  അത് മനസ്സിലാക്കിക്കാൻ വേണ്ടിയാ തിരക്കിനിടയിൽ ഇത്രയും പറഞ്ഞത്.

അവൾ:  അപ്പോൾ ഞാൻ വേറെ ആരെയെങ്കിലും തിരക്കാൻ പൊക്കോട്ടെ?

അവൻ: വളരെ വളരെ സന്തോഷം.  അതുവരെയെങ്കിലും  ഞാൻ തിരക്കിൽത്തന്നെ ആയിരിക്കും. എന്നെ ഇനി ഒരിക്കലും  തിരക്കെണ്ടതില്ല.

അവൾ:  ബൈ

അവൻ:  ഒരിക്കൽ കൂടി  -  എന്നെ ഇനി ഒരിക്കലും തിരക്കാൻ വരരുത്.  ബൈ ബൈ.
(മനോഗതം) ഇനി ആരാണാവോ അടുത്ത ഹതഭാഗ്യവാൻ.

2015, മേയ് 6, ബുധനാഴ്‌ച

കുഞ്ഞുകവിതകൾ - 96




Blog Post No: 379 -

 

കുഞ്ഞുകവിതകൾ - 96

 

 

വേഴാമ്പൽ

 

വേഴാമ്പൽ മഴയെ കാത്തിരിക്കുന്നു,

മഴയുടെ വരവോ വളരെ വൈകുന്നു.

അതുകണ്ടൊരാൾ  പറയുന്നിണ്ടിങ്ങനെ,

കൃത്രിമമഴ പെയ്യിക്കുന്നുണ്ടതാ

ഒരു ചിത്രീകരണത്തിന്റെ ഭാഗമായി,

ദാഹം തീര്ക്കു വേഗം നീയവിടെച്ചന്ന്!

വേഴാമ്പലിനതുകേട്ട് ചിരിവന്നുപോയി.

മനുഷ്യാ, ഞാൻ മഴയെ പ്രണയിക്കുന്നു,

നിന്നെപ്പോലെ കൃത്രിമമായത് വേണ്ടെനിക്ക്.

 

 

ഓർമ്മകൾ

 

ഓർമ്മകൾ മാനുഷന് ജീവിക്കാൻ പ്രേരകമെന്നിരിക്കിലും,

ഓർമ്മകൾ മാനുഷന് മാരണമാകുന്നതും കാണുന്നു നാം;

ഓര്മ്മകളുൾക്കൊണ്ട് ഒരിരുത്തം വരുത്താൻ ശ്രമിക്കണം,

ഓര്മ്മകളൊക്കെ പതുക്കെ സുഖകരമാക്കാനും നോക്കണം.

 

ഹൈക്കു:

 

ആലിപ്പഴം പൊഴിയുന്ന ശബ്ദം

ആലിപ്പഴം പൊഴിയുന്ന കാഴ്ച

ആഹ്ലാദഭരിതരായി കുട്ടികൾ

2015, മേയ് 5, ചൊവ്വാഴ്ച

പ്രണയമാപിനി


Blog post no: 378 -

പ്രണയമാപിനി
 
(മിനിക്കഥ)
 
 
യുവാവായ ഡോക്ടർ, പതിവിനു വിപരീതമായി, തന്റെ ക്ലിനിക്കിൽ ഒരു ഉന്മേഷമില്ലാതെ ഇരിക്കുന്നത് കംപൌണ്ടർ  ശ്രദ്ധിച്ചു.  രോഗികളുടെ തിരക്കൊഴിഞ്ഞപ്പോൾ കംപൌണ്ടർ ചോദിച്ചു:
 
''എന്ത് പറ്റി?  പനി ഉണ്ടോ?  ഉഷ്ണമാപിനി കൊണ്ട് വരട്ടെ?''
 
കംപൌണ്ടർ അല്പ്പം പ്രായം ചെന്ന ആൾ ആണ്.  ഒരു തമാശക്കാരൻ.  ആകുന്നതും ശുദ്ധമലയാളത്തിലെ  സംസാരിക്കൂ. ഡോക്ടറും അതുകേട്ടു ഏതാണ്ടൊക്കെ പഠിച്ചു.
 
ഡോക്ടർ ചിരിച്ചുകൊണ്ട് പറഞ്ഞു:
 
''ഉഷ്ണമാപിനി വേണ്ട, പ്രണയമാപിനി ഉണ്ടെങ്കിൽ ആകാം.''
 
കംപൌണ്ടർചേട്ടന് കാര്യം പിടികിട്ടി.  ഈയിടെയായുള്ള ഡോക്ടറുടെ ''ചുറ്റിക്കളി''യും, അവളുമായുള്ള വിവാഹനിശ്ചയവുമൊക്കെ അറിയാം.  
 
''അതിനു വഴിയുണ്ടാക്കാം, ഒരു മിനിറ്റ്.'' കംപൌണ്ടർ തന്റെ മൊബൈൽ ഫോണിൽ നിന്ന് ഒരു നമ്പർ വിളിച്ചു, പറഞ്ഞു, ''മോളെ, ഇതാ ഡോക്ടറോട് സംസാരിക്ക്.''
 
അനന്തരം, ഡോക്ടര്ക്ക് ഫോണ്‍ കൈമാറി, ഡോർ പുറത്തുനിന്നു ചാരി, ഒരു കള്ളച്ചിരിയോടെ ബെഞ്ചിൽ ചെന്നിരുന്നു.
 

2015, മേയ് 2, ശനിയാഴ്‌ച

കാക്ക



Blog Post No; 377 -

കാക്ക
 
(ഒരു കുസൃതിമാളു പരമ്പര)
 
അമ്മ മാളൂട്ടിയെ എടുത്ത് മുറ്റത്തു പതുക്കെ നടന്നുകൊണ്ട് മാളൂട്ടിക്കു ചോറ് വാരിക്കൊടുത്തു. അവൾ കുറച്ചുണ്ടു. പിന്നെ പറഞ്ഞു, ''മതീ.'' ''അയ്യോ, മതീന്നോ, വേഗം വേഗം മാമുണ്ടോ, ല്ലെങ്കി അമ്മ ഇതൊക്കെ കാക്കക്ക് കൊടുക്കും.'' അത് മാളൂട്ടിക്കു സഹിച്ചില്ല. കറുകറുത്ത കാക്ക. കള്ളക്കണ്ണിട്ട് നോക്ക്ണ വൃത്തികെട്ട കാക്ക. ഒരിക്കൽ തന്റെ കയ്യിലെ പപ്പടം കൊത്തിക്കൊണ്ടു പോയി. കള്ളക്കാക്ക. ഛീ. ''വേണ്ട, കാക്കച്ചു കൊക്കണ്ട.'' ''ന്നാ, വേഗം വേഗം മാമുണ്ണ്.'' മാളൂട്ടി... ആർക്കോ വേണ്ടി വായ തുറന്നു. വായിലെ ചോറ് ഇറക്കുന്നതിനു മുമ്പ് വീട്ടിലെ കോഴിയും കുഞ്ഞുങ്ങളും അതുവഴി പരേഡ് നടത്തുന്നത് കണ്ടു. അവളുടെ കണ്ണുകൾ തിളങ്ങി. ''അമ്മെ, മാമു കോയിച്ചു കൊത്തോ.''
 
മാളൂട്ടിയുടെ അമ്മമ്മ ആ രംഗം കണ്ടോണ്ടു വന്നു; ചിരിച്ചുകൊണ്ട് പറഞ്ഞു - നായിന് കൊടുത്താലും നാറാണിക്ക് കൊടുക്കില്ല്യാന്നന്നെ.''

2015, മേയ് 1, വെള്ളിയാഴ്‌ച

മുഖപുസ്തക വിശേഷം


Blog Post No: 376 -

മുഖപുസ്തക വിശേഷം 

ഭാരതപര്യടനം  എന്ന ഗ്രന്ഥത്തിൽ, കുട്ടികൃഷ്ണ മാരാര് രണ്ടഭിവാദനങ്ങളെക്കുറിച്ച് പരാമർശിക്കുന്നുണ്ട്.  അര്ജുനന്റെയും കർണ്ണന്റെയും.  ശരശയ്യയിൽ കിടക്കുന്ന ഭീഷ്മരെ അര്ജുനനും കർണ്ണനും ചെന്ന് കാണുന്ന ഭാഗമാണ്.  അതിൽ, കർണ്ണന്റെ അഭിവാദനം ആണ് ശ്രേഷ്ഠമെന്നു മാരാര് സമർത്ഥിക്കുന്നുണ്ട്. മാരാരുടെ നിരൂപണ നൈപുണ്യം ഒന്ന് വേറെ തന്നെ.  

ബുദ്ധിമാന്മാർ ജീവിക്കുന്നു എന്ന തന്റെ പുസ്തകത്തിൽ, പ്രൊഫ്‌ ജോസഫ്‌ മുണ്ടശ്ശേരി, താൻ എന്ന നിരൂപകനെയും എൻ. വി. കൃഷ്ണവാരിയരെയും കുറിച്ച് പറയുന്നു.  മുണ്ടശ്ശേരി മാസ്റ്റർ അഹങ്കാരം പറയുകയല്ല, അഭിമാനത്തോടെ എഴുതുന്നതായിട്ടാണ് തോന്നിയത്. 

പ്രൊഫ്‌. എം. കൃഷ്ണൻ നായര് മാദ്ധ്യമങ്ങളിൽ എഴുതിയിരുന്ന സാഹിത്യവാരഫലം ശ്രദ്ധേയമായിരുന്നു.  ആംഗലേയ സാഹിത്യത്തിലെ ഏതാനും രചനകളെ, അല്ലെങ്കിൽ രചനയെ ചൂണ്ടിക്കാണിച്ചു നമ്മുടെ എഴുത്തുകാരൻ / എഴുത്തുകാരി ഇതൊക്കെ കണ്ടു പഠിക്കേണ്ടിയിരിക്കുന്നു എന്ന് പലപ്പോഴും വായിച്ചപ്പോൾ അത് ആത്മാര്ത്ഥമായി പറയുകയാണോ എന്ന് ഞാൻ ശങ്കിച്ചിരുന്നു.  എന്നാൽ, അതാ പിന്നീടൊരിക്കൽ ''മുരുക്കിൻപൂക്കൾ'' എന്ന ഒരു കവിതയെക്കുറിച്ച് / കവയിത്രിയെക്കുറിച്ച് നല്ല നിലക്ക് എഴുതിയിരിക്കുന്നു.  ആംഗലേയസാഹിത്യത്തിലെതന്നെ ഒരു കൃതിയുമായി തട്ടിച്ചു നോക്കിക്കൊണ്ട്.  അതിൽ ആര്ത്തവരക്തത്തെ ചോക്കലെട്ടു പേസ്റ്റുപോലെ എന്നൊക്കെ എഴുതിയത് നാം വായിക്കുമ്പോൾ അറപ്പ് തോന്നും.  എന്നാൽ, ഇതെത്ര മനോഹരം - മുരുക്കിൻ പൂക്കൾ ഋതുവിന്റെ സിംബൽ... എന്നൊക്കെ അദ്ദേഹം വിവരിച്ചിരുന്നു. 

ഇതൊക്കെ, നമ്മുടെ സാഹിത്യത്തിൽ, ''ഇരുത്തം'' വന്നവരെക്കുരിച്ചു, പ്രഗല്ഭമതികളുടെ വിമര്ശനം ആണ്.  എന്നാൽ, ഇന്ന് കാലം മാറിയതോടുകൂടി മുഖപുസ്തകത്ത്തിൽ എഴുതാൻ സാധാരണക്കാർക്കും സൗകര്യം വന്നപ്പോൾ, ആവുംവിധം അതിനെ പ്രോത്സാഹിപ്പിക്കുന്നതിനു പകരം, കഴിവ് തെളിയിക്കാത്തവരും, ശരിയായ നിലക്ക് ഒരു പ്രൊഫൈൽ പോലും ഇല്ലാത്തവരും ''വിമര്ശന''വുമായി വന്നു എഴുതാൻ തുടങ്ങിയവരെ,  എഴുതുന്നവരെ കളിയാക്കുന്ന ഘട്ടം വരെ എത്തിയിരിക്കുന്നു!