2013, ഏപ്രിൽ 28, ഞായറാഴ്‌ച

ഇനിയും ഒരുപാട് ഒരുപാട്

ഇനിയും ഒരുപാട് ഒരുപാട്
(
മിനിക്കഥ)



ആനന്ദ് പൈതല്‍ എന്ന കോളേജുകുമാരന്‍ വളരെ ആനന്ദത്തോടെ കമ്പ്യുട്ടറിനു മുമ്പില്‍ എത്തി. ഓണ്‍ ആക്കിയശേഷം, രജിതയെ ഇന്നലെ അവള്‍ കൊടുത്ത മൊബൈല്‍ടെലിഫോണ്‍ നമ്പറില്‍ വിളിച്ചു.

ഇന്നലെയാണ് പരിചയപ്പെട്ടത്. വിളിച്ചാല്‍, താന്‍ ചാറ്റ് ലൈനില്‍ വരാം എന്നാണുപറഞ്ഞത്. അപ്പോള്‍ ആനന്ദിനുണ്ടായ ആനന്ദം ഒന്ന് വേറെയായിരുന്നു. ഒരു ആദ്യാനുഭവത്തിന്റെ ആനന്ദലഹരി അവന്‍ ശരിക്കും അനുഭവിച്ചു.

നോ ആന്‍സര്‍. തിരിച്ചു വിളിക്കും എന്ന വിശ്വാസത്തില്‍ കുറച്ചുനേരം ഇരുന്നു.
വിളിച്ചില്ല. വീണ്ടും വിളിച്ചു. തഥൈവ. ഇല്ല, അവള്‍ക്കെന്തോ പറ്റിയിട്ടുണ്ട്. വീണ്ടും വീണ്ടും വിളിച്ചു. നോ രക്ഷ.

ആനന്ദ് പൈതലിന്റെ ആനന്ദം എങ്ങോ പോയ്‌മറഞ്ഞു. കവി പാടിയപോലെ,

പൈതലിന്‍ ഭാവം മാറി, വദനാംബുജം വാടി...

ആ യജ്ഞത്തില്‍നിന്ന് പിന്തിരിയുന്നതിനു മുമ്പ്, ഒരിക്കല്‍ക്കൂടി വിളിച്ചുനോക്കാംഎന്ന് കരുതി.

''
ഹലോ'', മറുപടി കിട്ടി. ഹാവൂ. ആനന്ദം തിരിച്ചു വന്നു. മുഖം പൂര്‍ണ്ണചന്ദ്രനെപ്പോലെതിളങ്ങി.

''
ഞാന്‍ എത്രനേരമായ്‌ വിളിക്കുന്നു, അറിയോ?''

പിന്നെ, അല്‍പ്പം പരിഭ്രാന്തി കലര്‍ന്ന സ്വരത്തില്‍ പറഞ്ഞു, ''ഓക്കെ, ചാറ്റില്‍
വരികയല്ലേ?"

''
അയ്യോ, ഇപ്പൊ വേണ്ടാട്ടോ. ആനന്ദിനെപ്പോലെ ഇനിയും ഒരുപാട്  ഫ്രെണ്ട്സ്
ഇതുപോലെ ലൈന്‍ ലൈന്‍ ആയി വെയിറ്റ് ചെയ്യുന്നുണ്ട്. അത് പറയാനും
വേണ്ടീട്ടാ ഫോണ്‍ എടുത്തത്‌. വെക്കട്ടെ. ബൈ.''

ഫോണ്‍ കട്ട്‌. ആനന്ദിന്റെ ആനന്ദം വന്നതിനേക്കാള്‍ ധൃതഗതിയില്‍ തിരിച്ചുപോയി. കയ്യില്‍നിന്നു മൊബൈല്‍ ഫോണ്‍ താഴെ വീണു.

2013, ഏപ്രിൽ 26, വെള്ളിയാഴ്‌ച

ആശയ വിനിമയം



ആശയ വിനിമയം


കുറെ മുമ്പ് ഞാൻ മോളുമായി ഗൂഗിൾ ചാറ്റിൽ (ടോക്കിൽ അല്ല) ആയിരുന്നപ്പോൾ ഇടയ്ക്കു ഒരു ടെലെഫോണ്‍ വന്നു. ഞാൻ മോളോട് പറഞ്ഞു - MOM . ഞാൻ കാൾ പെട്ടെന്ന് ഫിനിഷ് ചെയ്തു ചാറ്റിൽ ശ്രദ്ധിച്ചു. അവിടെ മോൾ ചോദിച്ചിരിക്കുന്നു - വാട്ട്‌ ഈസ്‌ MOM അച്ഛാ?




ഓ, അത് ശരി. ഞാൻ മറുപടി എഴുതി: MOM എന്ന് പറഞ്ഞാൽ ജസ്റ്റ്‌ എ മോമെന്റ്റ്‌ പ്ലീസ്‌. അച്ഛൻ പഴയ ആൾ അല്ലെ? ഇത് റ്റെലെക്സ് ലാംഗ്വേജ് ആണ്. FB ലാംഗ്വേജ് അല്ല.
 
 
 
 
 
മോളൂ, ഒരു കോളൻ ഇട്ടു ക്ലോസിംഗ് ബ്രാക്കെറ്റ് ഇട്ടാൽ എന്താ? അത് തമാശ/സന്തോഷം എന്നൊക്കെയാ ണച്ഛാ. അത് ശരി.
 
 
 
 
 
എന്റെ രയ്ട്ടിംഗ് പാഡ് നോക്കി കൂടെ ജോലിചെയ്യുന്ന ഒരു വിദേശി ചോദിച്ചു: ഇതെന്താ സർ, അറബിക് ആണോ?

അല്ലല്ലോ. ഇതാണ് പിറ്റ്മാൻ'സ്‌ ഷോര്ട്ട്ഹാൻഡ്.

യു മീൻ - യുവർ ലാംഗ്വേജ്? നോ, ഇംഗ്ലീഷ് - ഷോര്ട്ട് ഫോം. അത് അയാൾക്ക്‌ അറിയുന്ന, എല്ലാവര്ക്കും അറിയുന്ന ഇംഗ്ലീഷിൽ എഴുതി. എന്നിട്ട് ഞാൻ പറഞ്ഞു - ഇത് ഇംഗ്ലീഷ് ലോങ്ങ്‌ ഹാൻഡ്‌. എത്ര സ്പീഡിൽ എഴുതിയാലും ലോങ്ങ്‌ ഹാൻഡ്,‌ ഷോര്ട്ട് ഹാൻഡ്‌ ആയി എഴുതുന്നതിന്റെ മൂന്നോ നാലോ ഇരട്ടി (പലപ്പോഴും അധിലധികം) എടുക്കും!  
അയാളുടെ കണ്ണുകൾ തിളങ്ങി. ലോകത്ത് ഇങ്ങിനെയും ഉണ്ടോ?
 
അപ്പോൾ?
കാലം മാറിക്കൊണ്ടിരിക്കുന്നു
കമ്മ്യുണിക്കേഷന്റെ കോലവും മാറിക്കൊണ്ടിരിക്കുന്നു.
കാത്തിരുന്നു കാണാം.

2013, ഏപ്രിൽ 24, ബുധനാഴ്‌ച

പ്രണയോർജ്ജം


പ്രണയോർജ്ജം   (Energy of Love)



[ ഞാൻ കുറെ മുമ്പ് ഗദ്യകവിതാരൂപത്തിൽ എഴുതിവെച്ചവയിലൊന്ന്.  
ഇന്ന് ഗദ്യകവിതകളെല്ലാം കവിതകൾ എന്ന പേരില്ത്തന്നെയാണ്
പറയപ്പെടുന്നത്. 
മുൻ‌കൂർ ജാമ്യം: കവിതകളിലെ ''ഞാൻ'' ഒരു നായക കഥാപാത്രമാണ്;
എഴുതിയ ആൾ അല്ല :)  ]
എന്റെ പ്രിയപ്പെട്ടവളേ, മനസ്വിനീ,
നീ എവിടെയാണെങ്കിലും എന്റെ മാനസം
നിന്റെകൂടെത്തന്നെയായിരിക്കും;
എന്റെ മനക്കണ്ണിൽ നിന്നെ ഞാൻ ദർശിക്കും;
നിന്റെ സ്വരം ഞാനെന്നും ശ്രവിക്കും;
നിന്റെ ഗന്ധം ഞാനെന്നും ശ്വസിക്കും;

എന്റെ സ്വപ്നത്തിൽ നമ്മുടെ അധരങ്ങളെന്നും

ചുംബനങ്ങളിലേര്പ്പെട്ടുകൊണ്ടിരിക്കും;

പ്രേമ-ദാഹപരവശനായ ഞാൻ
നിന്റെ പൂമേനിയിൽ പടര്ന്നു കയറും;
ഞാനെന്നും നിനക്കുവേണ്ടി പ്രാര്ത്ഥിക്കുന്നു;
കാരണം, 'നീ'' ഇല്ലെങ്കിൽ ''ഞാൻ'' ഇല്ല;
എന്റെ മനസ്സിലെ ഈ മൃദുലവിചാരങ്ങൾ
ഊര്ജ്ജമായെന്നെ മുന്നോട്ടു നയിക്കും;
ഞാൻ നിന്നെ ഇനി കാണുന്നതുവരെയീ  
ഊര്ജ്ജമെന്നും എന്നിലുണ്ടാവാൻ പ്രാര്ത്ഥിക്കുന്നു.

-=o0o=-

2013, ഏപ്രിൽ 20, ശനിയാഴ്‌ച

പ്രേമവും കാമവും

പ്രേമവും കാമവും
(ലേഖനം)

''കാമത്തിന് കണ്ണില്ല'' എന്ന് മലയാളത്തിൽ ഒരു ചൊല്ലുണ്ട്.  ''കാതല്ക്ക് കണ്ണില്ലെയ്‌'' എന്ന് തമിഴിലും. മലയാളത്തിൽ കാമം എന്ന് പറയുമ്പോൾ, തമിഴിൽ പ്രേമം എന്ന് പറയുന്നു.  കാമവും പ്രേമവും അകലങ്ങളിൽ അല്ല. 

പ്രേമത്തിൽ കാമം ഉടനെ അല്ലെങ്കിൽ പതുക്കെ പതുക്കെയെങ്കിലും കടന്നുകൂടും.  അത് പ്രകൃതി നിയമമാണ്.  കാമത്തിൽനിന്ന് ഉണ്ടാവുന്ന പ്രേമം  - അത് അ പൂ ർ വ മാ ണ്‌.  എങ്കിലും സംഭവ്യം. പ്രേമത്തിൽ  മാനസികമായ, നീണ്ടുനില്ക്കുന്ന അനുഭൂതിയാണ്  ലഭ്യമെങ്കിൽ, കാമത്തിലോ വെറും താല്ക്കാലികം.

പ്രേമം പരിശുദ്ധവും പാവനവുമൊക്കെയാണ് എന്നതിന് ഒരുപാട് പ്രേമകഥകൾ നമുക്കറിയാം. റോമിയോ-ജൂലിയറ്റ്, ലൈല-മജ്നു, ദേവദാസ്-പാർവതി തുടങ്ങിയ ഒരുപാട് കഥകൾ.
പ്രേമത്തിനായി മനസ്സ് ദാഹിക്കുമ്പോൾ, ഉടനെയല്ലെങ്കിലും പതുക്കെപതുക്കെ കരം ഗ്രഹിക്കാനും, ചുംബിക്കാനും, ആലിംഗനം ചെയ്യാനുമൊക്കെയുള്ള ആഗ്രഹം സഹജം.
അത് പിന്നീട് ശാരീരിക-ലൈംഗിക ബന്ധങ്ങളിലെത്തിക്കും.  നേരിട്ട് അതിനു സാധിക്കാതെ വരുമ്പോൾ, ഇന്നത്തെ കാലത്ത്, സംസാരം വഴിയും, എഴുത്ത് വഴിയും, ഇമെയിൽ വഴിയുമൊക്കെ അത് സാധിച്ചെടുക്കാൻ ശ്രമിച്ചു എന്ന് വരും.   ''ചുമയും പ്രേമവും അടക്കിനിർത്താൻ പറ്റില്ല.''

ഇനി, മുകളിൽ പറഞ്ഞ കാര്യങ്ങള്ക്ക് ഏറ്റക്കുറച്ചിലുകൾ ഉണ്ടാവാം എന്നല്ലാതെ പ്രേമത്തിന് കാമവുമായി ഒരു ബന്ധവുമില്ല എന്ന് ആരെങ്കിലും പറഞ്ഞാൽ അത് വിശ്വസിക്കേണ്ട കാര്യമില്ല. അഥവാ, കാമം അടക്കി നിര്ത്തുന്നു, അല്ലെങ്കിൽ കാമവുമായി ബന്ധപ്പെട്ടു പ്രശ്നങ്ങൾ ഉണ്ട് എന്ന് മനസ്സിലാക്കുക.

സ്ത്രീകള് പൊതുവേ ലജ്ജാശീലരും, പുരുഷന്മാർ അങ്ങിനെ അല്ലാത്തവരുമായിട്ടാണ് കാണപ്പെടുന്നത്.  എങ്കിലും, ഈ പറഞ്ഞതിന് വിപരീതമായി ചിലരുണ്ട് എന്നത് നമുക്കനുഭവമാണല്ലോ.  ഇങ്ങിനെ ലജ്ജാശീലരായവരും പേടിയുള്ളവരും പ്രേമത്തിൽ പെട്ടുപോകുമ്പോൾ, അതിന്റെ അടുത്ത ഭാഗമായ കാമത്തിലെത്താൻ അല്പ്പം ബുദ്ധിമുട്ടാണ്, അല്ലെങ്കിൽ വളരെ താമസിക്കും.  വേറൊരർത്ഥത്തിൽ പറഞ്ഞാൽ, ഒരു ഇണ ഇങ്ങിനെ വിസമ്മതിച്ചു, മടിച്ചു, പേടിച്ചു നിൽക്കുമ്പോൾ മറ്റേ ഇണയിൽ നിന്നും സഹിക്കാനാവാത്തവിധം പ്രലോഭനങ്ങൾ ഉണ്ടാവുന്നത് സഹജമത്രേ.  

അങ്ങിനെ നോക്കുമ്പോൾ, പ്രേമത്തിന്റെ ഈ വരുംവരായ്കകൾ മനസ്സിലാക്കി മാത്രം പ്രേമത്തിലേർപ്പെടാൻ  മാത്രമുള്ള വിവേകം പ്രണയിതാക്കൾക്ക് ഉണ്ടാവണമെന്ന് വരുന്നു. അവരെത്തന്നെയല്ലേ നാം കമിതാക്കൾ - കാമുകീ കാമുകന്മാർ എന്ന് പറയുന്നത്?  ഇവിടെ പ്രേമവും കാമവുമൊക്കെ ഉണ്ടേ.

വീണ്ടും പറയട്ടെ, തന്റെ പ്രേമത്തിന് കാമവുമായി ഒരു ബന്ധവുമില്ല എന്ന് ആരെങ്കിലും പറഞ്ഞാൽ വിശ്വസിക്കണമെന്നില്ല. കാമം വേണ്ട, പ്രേമം മാത്രം മതി എന്ന് മനസ്സില് വിചാരിക്കുന്നയാൾ, അല്ലെങ്കിൽ പറയുന്നയാൾ (ആണായാലും,പെണ്ണായാലും) പ്രേമം എന്ന വികാരം ഉള്ളതായി അഭിനയിക്കുകയാണ് എന്ന് പറയാം.  അഥവാ, എതിര് ലിംഗത്തിലുള്ള ആളെ പിണക്കാതിരിക്കാൻ, സൗഹൃദം പിടിച്ചുപറ്റാൻ മാത്രം പ്രേമം ഉണ്ടെന്നു പറയുകയാണ്‌!  അത്, തന്റെ ഇണയെ ഉടനെയല്ലെങ്കിലും, പിന്നീട് നിരാശയിലേക്കും, ദു:ഖത്തിലേക്കും, കോപത്തിലേക്കും, പ്രതികാരത്തിലേക്കുമൊക്കെ നയിക്കാൻ ഇടയാക്കും.

ഒരു ഭാര്യക്ക് ഭര്ത്താവിൽനിന്നോ, മറിച്ചോ, സ്നേഹം/പ്രേമം കിട്ടാതെ വരുമ്പോൾ (അതിനു കാരണങ്ങൾ പലതാവും) ഒരു കൊച്ചു പ്രതികാരമെന്ന നിലക്കുമാത്രം വേറെ വല്ലവരുമായി പ്രേമം മാത്രം വേണം എന്ന് കരുതുന്നവർ പിന്നീട് ചിന്താക്കുഴപ്പത്തിലാകുകയും, ആക്കപ്പെടുകയും, മറ്റു പല പ്രശ്നങ്ങളിൽ പെടുകയും ചെയ്യുന്നു.

സാധാരണ നിലക്ക്, ലൈംഗിക ബന്ധങ്ങളിൽ താല്പ്പര്യമില്ലാത്ത ഒരു ഭാര്യയോ, ഭര്ത്താവോ തന്റെ പങ്കാളിക്ക്  വേറൊരാളുമായി ബന്ധപ്പെടാൻ താല്പ്പര്യമുണ്ടാവുമോ എന്ന ശങ്കയിൽ പെടുന്നു.  അത് പിന്നീട് കലശലായി അതുപ്രകാരം പെരുമാറുമ്പോൾ, ആദ്യത്തെയാൾ തനിക്കു നഷ്ടപ്പെട്ട സ്നേഹം വേറൊരാളിൽനിന്ന് നേടാൻ ശ്രമിച്ചാൽ അതും സ്വാഭാവികം. ഇവിടെയാണ്‌ പ്രശ്നങ്ങൾ. അപ്പോൾ?  അത് മനസ്സിരുത്തി മനസ്സിലാക്കി, ഇഷ്ടമല്ലെങ്കിലും തന്റെ പങ്കാളിയോട് സഹകരിച്ചു പോകുന്നതുതന്നെയാണ് ബുദ്ധിപരം.വെറുതെ ഒരു രസത്തിനുവേണ്ടി എതിര് ലിംഗത്തി ലുള്ളവരുമായി ബന്ധപ്പെടുന്നവരും ഇങ്ങിനെ പ്രശ്നങ്ങളിൽ പെടാറുണ്ട്. കാമപൂരണം മാത്രം ലക്ഷ്യമിടുന്നവരാകട്ടെ, അറിഞ്ഞും, അറിയാതെയും, ബാലാല്ക്കാരമായും അത് നേടാൻ നോക്കുന്നു.  മുകളിൽ പറഞ്ഞപോലെ, അ പൂ ർ  വ മാ യി , കാമം പ്രേമത്തിലേക്കും വഴുതിവീഴാറുണ്ട്.

പ്രേമം - ഉടനെ അല്ലെങ്കിലും, പിന്നീട് കാമപൂരണത്തിൽ എത്തുമ്പോഴേ ഇണകളിൽ രണ്ടുപേർക്കുമോ അല്ലെങ്കിൽ ഒരാള്ക്കോ തൃപ്തിയാകൂ; ആയതുകൊണ്ട് അത് മനസ്സിലാക്കി ബോധപൂ ർ വം   പ്രേമവുമായി മുന്നോട്ടുപോകാൻ എന്ന് ചുരുക്കം. അഥവാ, പ്രേമത്തിന് നിന്നുകൊടുത്ത ശേഷം, അവൻ എന്നെ / അവൾ എന്നെ....... എന്ന് പറഞ്ഞു വിലപിച്ചിട്ട് കാര്യമില്ലതന്നെ.

കാമത്തിന്റെ കാര്യം മാത്രം പറയുകയാനെങ്കിൽ, കാമം തലയ്ക്കു പിടിച്ച് കഴിഞ്ഞാൽ, ഒരു രക്ഷയുമില്ല. അവിടെ ആണെന്നോ പെണ്ണെന്നോ  ഇല്ല, വയസ്സ് പ്രശ്നമല്ല, രക്തബന്ധം പ്രശ്നമല്ല. മനുഷ്യൻ മൃഗമാവുന്ന നിമിഷങ്ങളാണവ.   താരതമ്യേന, പുരുഷവർഗം ആണ് ഇതിൽ മുന്പന്തിയിൽ എന്ന് മാത്രം.  ഒരുപക്ഷേ, പാശ്ചാത്യരാജ്യങ്ങളിൽ അങ്ങിനെയും ഒരു വ്യത്യാസം കണ്ടു എന്ന് വരില്ല.  

പ്രേമത്തിന്റെ കാര്യത്തിൽ, ഈ ലേഖകൻ ഇത്രയും കുത്തിക്കുറിച്ചതുകൊണ്ട്, ''പ്രേമി''കൾ കോപാകുലരാകില്ലെന്നു കരുതട്ടെ. സ്വന്തം മനസ്സാക്ഷിയോട്‌ ത്മാര്ത്ഥമായി  ചോദിക്കുക. അവിടെ ശരിയുടേയും തെറ്റിന്റെയും ''മൂർത്തികൾ'' കുടിയിരുപ്പുണ്ട്. അഥവാ, ഒരു പുരുഷനും സ്ത്രീയും തമ്മിലുള്ള പ്രേമത്തിനു കാമവുമായി ബന്ധമേ ഇല്ലേ എന്ന്.  താൻ എങ്ങിനെ എന്ന്, തന്റെ പ്രേമഭാജനം എങ്ങിനെ എന്ന്.  എന്ന് വെച്ച്, ആരും പ്രേമിക്കാതിരിക്കുകയോ, പ്രേമത്തെ ഭയപ്പെട്ടു ജീവിക്കുകയോ വേണം എന്നല്ല.  വരും വരായ്കകൾ - പ്രേമത്തിന്റെ, കാമത്തിന്റെ - ചൂണ്ടിക്കാണിക്കുന്നു എന്ന് മാത്രം. 

2013, ഏപ്രിൽ 17, ബുധനാഴ്‌ച

നിന്നെ സമ്മതിക്കണം (നര്മ്മം)

നിന്നെ സമ്മതിക്കണം (നര്മ്മം)
സുഹൃത്തുക്കളേ, രാമേട്ടയാണ് ഈ കഥയിലെ നായകന്‍. (ഈ പാലക്കാടന്‍ നായന്മാര്‍, മറ്റു പല വാക്കുകളെയും പോലെ, ഏട്ടനേയും അല്‍പ്പം ആറ്റിക്കുറുക്കി 'എട്ട' എന്നാക്കും. ഏട്ടമീൻ എന്നൊരു മീനിന്റെ പേര് പറയുന്ന കേട്ടിട്ടുണ്ട്. അതും ഈ ഏട്ടയുമായി ബന്ധമൊന്നുമില്ല കേട്ടോ. :) ) രാമേട്ടയെ കണ്ടാൽ ഏകദേശം ശശി തരൂരിനെ പോലെ ഇരിക്കും.  (വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ അല്ല എന്ന് പറയേണ്ടതില്ലല്ലോ. ഏതായാലും നാട്ടുകാരല്ലേ. ചില സിനിമകളിലൊക്കെ ബന്ധം പറയുന്നപോലെ പറഞ്ഞാൽ, വളുഞ്ഞു വളഞ്ഞു വളഞ്ഞ ബന്ധുവുമായിരിക്കാം.) കുമാരേട്ട ഉപനായകനും. കുംബാരന്‍ എന്ന് പുള്ളിക്ക് ഒരു ഇരട്ടപ്പേരും കൂട്ടുകാരുടെ ഇടയില്‍ പ്രസിദ്ധം. പിന്നെ, രണ്ടു അപ്രധാന കഥാപാത്രങ്ങള്‍ - ഞാന്‍ അടക്കം. ക്ഷമിക്കണം - നായിക ഇല്ല. മാത്രമല്ല, ഒരു മഹിളാമണിയെങ്കിലും ഇതില്‍ ഇല്ല. ആയതുകൊണ്ട്, പുരുഷ കേസരികളേ, തരുണീമണികളേ (ഹൂം, തൊണ്ട ശരിയാക്കട്ടെ) ഈ കുത്തിക്കുറിച്ചിരിക്കുന്നത് വായിക്കാന്‍ മടി കാണിക്കല്ലേ. പ്രശ്നം ഇല്ലല്ലോ, അല്ലെ? അതോ, കട്ടേം പടോം മടക്കണോ?

ശരി, നമുക്ക് ഏതായാലും ഒരു കൈ നോക്കിക്കളയാം, എന്താ? രാമേട്ട ഒരു തനി നാടന്‍ കഥാപാത്രം ആണ്. അധികം വിദ്യാഭ്യാസം ഇല്ല. (പുള്ളിക്കാരന്‍, ഒരിക്കല്‍, തനിക്കു 'എസ്ട്ടേപ്ള്‍' ഉണ്ട് എന്ന് പറഞ്ഞത് ഞങ്ങള്‍ മനസ്സിലാക്കിയെടുക്കാന്‍ പെട്ട ഒരു പാടേ.... എന്താണ് അത് എന്ന് കേള്‍ക്കണോ? ഓ പിന്നേ, അങ്ങനങ്ങ് സുഖിക്കണ്ടട്ടോ. വഴിയെ പറയാം, അല്ലാ പിന്നെ.) പ്രായത്തില്‍ ഞങ്ങളെക്കാള്‍ കൂടുതല്‍ ആണെങ്കിലും, ഞങ്ങള്‍ക്ക് ആര്‍ക്കും അതൊരു തടസ്സം ആയിരുന്നില്ല. പുള്ളിക്കാരന്റെ ആരാധനാപാത്രം പ്രേംനസീർ ആണ്.  പ്രേംനസീറിന്റെ റിലീസ് ആയ പടം, ''ചൂട് ആറാതെ'' കാണും.  വന്നിട്ട് കഥ പറയും.  അത് ശരിക്ക് മനസ്സിലാകണമെങ്കിൽ, കേൾക്കുന്നവർ അതുപോയി കാണുകതന്നെ വേണം. രമേട്ടയെ ചുറ്റിപ്പറ്റി കുറെ കഥകള്‍ ഉണ്ട്. അതില്‍ ഒന്ന് ഇവിടെ എഴുതുകയാണ്. എല്ലാവരും തൂങ്ങിപ്പിടിച്ചിരിക്കാതെ ഒന്ന് ഉഷാര്‍ ആകൂ നോക്കട്ടെ............ അങ്ങനെ....

അപ്പോള്‍, ഞാന്‍ തുടങ്ങുന്നു, ഓക്കേ? രാമ, രാമ, രാമ..........

***

ഞങ്ങളുടെ കുളിക്കാന്‍ പോക്ക്, സിനിമക്ക് പോക്ക്, അങ്ങനെ പല 'പോക്കു വരവും' ഒരുമിച്ചായിരുന്നു. ങ്ങ്ഹാ, പറഞ്ഞില്ല - രാമേട്ട നല്ലൊരു വെപ്പുകാരന്‍ ആണ് കേട്ടോ. വെപ്പുകാരന്‍ എന്ന് പറഞ്ഞപ്പോള്‍ തെറ്റിദ്ധരിക്കേണ്ട - എല്ലാവരെയും 'വെക്കാന്‍' മിടുക്കന്‍ എന്നല്ല. ആള്‍ ശുദ്ധ പാവം. സദ്യവട്ടങ്ങള്‍ ഒരുക്കുന്നതിൽ  മേല്‍നോട്ടം വഹിക്കുന്ന ആള്‍ - അതാണ്‌ ഈ  'വെപ്പുകാരന്‍'.  രാമൻ ഉണ്ടെങ്കിൽ എന്റെ ആവശ്യം ഇല്ലല്ലോ എന്ന് സ്ഥലത്തെ പ്രധാന വെപ്പുകാരനായ കിച്ചാമണി അയ്യര് തന്നെ പറഞ്ഞിട്ടുണ്ടത്രേ. 

ഒരു ദിവസം, സന്ധ്യാസമയത്ത് പുഴയില്‍ കുളിച്ചുകൊണ്ടിരിക്കുമ്പോള്‍, രാമേട്ട പറഞ്ഞു:

"
ത്ര നല്ല സ്ഥലോല്ലേ? വ്ടന്നു പുവ്വാൻ തോന്ന്ണില്ല്യാ. പക്ഷെ, ഞാന്‍ ആലോചിക്യെണ്, ആരെങ്കിലും വ്ടെ നട്ടുരാത്രി വരാന്‍ ധൈര്യപ്പെട്‌വോ?" (കാരണം, പ്രത്യേകിച്ച്, തൊട്ടു അടുത്ത്‌ ശ്മശാനം ആണേ. പുള്ളിക്കാരന്‍, അതുമായി ബന്ധപ്പെട്ട കാര്യം ആരെങ്കിലും പറഞ്ഞുതുടങ്ങിയാല്‍, കണ്ണുരുട്ടി, ഭയവിഹ്വലനായി നിശ്ചലനായി ഇരുന്നോളും.)

"
ആര് പറഞ്ഞു, ഞാന്‍ വരുഓല്ലോ." അത് കുമാരേട്ട വക.

ചുരുക്കിപ്പറഞ്ഞാല്‍, രണ്ടുപേരുംകൂടി ഒരു പന്തയം വെക്കുകതന്നെ ചെയ്തു.

രാമേട്ട, ഒരു തെങ്ങിന്റെ പട്ടത്തണ്ട് വലിച്ചുകൊണ്ട് വന്നു. അതില്‍ ചില അടയാളങ്ങള്‍ ഒക്കെ ഇട്ടു. ആ പട്ടത്തണ്ട് ഭദ്രമായി, ആരുടേയും കണ്ണില്‍ പെടാത്ത വിധത്തില്‍ ഒരു സ്ഥലത്ത്, ഞങ്ങളെ കാണിച്ച ശേഷം വെച്ചു. അത്‌, കുമാരേട്ട രാത്രി ഒരു മണിക്ക് ഇവിടെ വന്ന് എടുത്ത്, ഞങ്ങളെ കാണിക്കണം.

രാമേട്ടയടക്കം ഞങ്ങള്‍ നാല് പേര്‍, അന്ന് രാമേട്ടയുടെ വീട്ടിലെ കോലായില്‍ കിടന്നു. രാത്രി ഏകദേശം ഒരുമണിവരെയും ആരും ഉറങ്ങിയില്ല. ഒരുമണിക്ക്, പറഞ്ഞത് പ്രകാരം, കുമാരേട്ട യാത്രയായി - ആ പട്ടത്തണ്ട് എടുത്തുകൊണ്ടു വരാന്‍.

നിമിഷങ്ങള്‍ കൊഴിഞ്ഞുവീണു. ഞങ്ങള്‍ക്ക് പേടി പിടിക്കാന്‍ തുടങ്ങി. ദൈവമേ, കുമാരേട്ടക്കു വല്ലതും സംഭവിക്കുമോ. ഇത്തവണ ഞാനും കണ്ണുരുട്ടാന്‍ തുടങ്ങി. കൂട്ടത്തില്‍ കുട്ടിയാണെങ്കിലും, അരുതാത്തത്തിനു കൂട്ട് നിന്നോ, എന്റെ കോഴിക്കാട്ടു മുത്തീ. വല്ലാത്തൊരു മൂത്രശങ്ക.

ഇല്ലാ, അതാ, കുമാരന്‍ നായര്‍ നായ കിതക്കുംപോലെ  കിതച്ചുകൊണ്ട് ഓടി എത്തി. കയ്യില്‍ പട്ടത്തണ്ടുമുണ്ട്. പട്ടത്തണ്ട് അതുതന്നെ. കുമാരേട്ടയുടെ നനഞ്ഞ കാലുകളില്‍ മണല്‍ പറ്റിപ്പിടിച്ചിരുന്നു. രാമേട്ട നെടുവീര്‍പ്പിട്ടു.

അദ്ദേഹം (രാമേട്ട) മുണ്ട് പൊക്കി. തെറ്റിദ്ധരിക്കേണ്ടട്ടോ. ബി പോസിറ്റീവ്. അനിഷ്ട സംഭവത്തിനൊന്നും അല്ല. അണ്ടര്‍വിയറിന്റെ പോക്കറ്റില്‍ കയ്യിട്ടു കാശെടുത്തതാണ്.. ഞങ്ങള്‍ ആ പൈസകൊണ്ട് പിറ്റേ ദിവസം ഒരു സിനിമ കണ്ടു. പിന്നെ, കുശാലായി ഹോട്ടല്‍ ഐറ്റങ്ങളും തട്ടി വിട്ടു.

ദിവസങ്ങള്‍ക്കു ശേഷം, കുമാരേട്ട അന്ന് നടന്ന സംഭവം വിവരിച്ചത് ഇങ്ങനെ ആയിരുന്നു:

അന്ന് കുളി കഴിഞ്ഞു വീട്ടില്‍ എത്തിയ ശേഷം, മൂപ്പര്‍ക്ക് പേടിപിടിക്കാന്‍ തുടങ്ങി. ഒരു മണിക്ക് ശ്മശാനത്തിനടുന്നത്ത്കൂടി പോകണ്ടേ? അപ്പോള്‍, ഒരു വിദ്യ പ്രയോഗിച്ചു. ഞങ്ങളുടെ കൂട്ടത്തിലുള്ള മൂന്നാമത്തെ ആളെയും കൂട്ടി, കുറെ നേരത്തിനു ശേഷം പെട്ടെന്ന് പുഴയിലേക്ക് തിരിച്ചുപോയി, ആ പട്ടത്തണ്ട് അവിടെനിന്നു എടുത്ത്, വഴിയില്‍ - ഏകദേശം പകുതി വഴിക്ക് വെച്ചു - റോഡിന്‍റെ അരികില്‍ ഇട്ടിരുന്ന വലിയ ഒരു ഉരുളങ്കല്ലിന്റെ പിന്നിലായി വെച്ചു. (ഇന്നത്തെ റോഡ്‌ റോളര്‍ ഒക്കെ വരുന്നതിനു മുമ്പ് റോഡ്‌ നന്നാക്കാന്‍ ഉപയോഗിച്ചിരുന്ന ഒരു വലിയ ഉരുളന്‍ കല്ല് ത്യജിക്കപ്പെട്ട നിലയില്‍ അവിടെ കാണാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ വളരെ ആയി. അതിനെ 'എലമലയന്‍ കല്ല്' എന്ന് നാട്ടുകാര്‍ വിളിക്കുന്നു.)

പാതിരാത്രി നേരെ, കുമാരേട്ട, എലമലയങ്കല്ലിന്റെ പുറകില്‍ വെച്ചിരുന്ന പട്ടത്തണ്ടുമായി മടങ്ങി. വഴിയില്‍ തന്നെയുള്ള സ്കൂള്‍ എത്തുന്നതിനു മുമ്പായി, വെള്ളം കെട്ടി നിര്‍ത്തിയിരിക്കുന്ന പാടത്ത് ഇറങ്ങി കാലുകള്‍ നനച്ചു. സ്കൂളിനു പുറത്ത് അറ്റകുറ്റപ്പണികള്‍ക്കായി വെച്ചിരുന്ന്ന മണലില്‍ ഒരു ഒരു കൊച്ചു താണ്ഡവനൃത്തം തന്നെ പാസ്സാക്കി. കുറച്ചു നേരം അവിടെ ഇരുട്ടിന്റെ മറവില്‍ ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണാ എന്ന മട്ടില്‍ ഇരുന്നു. അനന്തരം, ബാണം തൊടുത്തുവിട്ടപോലെ ഓടി എത്തി.
ഇത്രയുമാണ് ഫ്ലാഷ് ബാക്ക്. അപ്പോള്‍ മാത്രമാണ്, ഞാന്‍ കഥയൊക്കെ അറിയുന്നത്. അമ്പട വീരാ കുംബാരാ.

വര്‍ഷങ്ങള്‍ ഒരുപാട് കഴിഞ്ഞു. രാമേട്ടക്ക് ഇപ്പോഴും ഇതൊന്നും അറിയില്ല! ഈ കഥ ഓര്‍മ്മപ്പെടുത്തിയാല്‍, രാമന്‍ നായര്‍, കുമാരന്‍ നായരോട് ഇപ്പോഴും പറയും, തലയാട്ടി, കണ്ണുകള്‍ ഉരുട്ടിക്കൊണ്ട്‌:

"
നെന്നെ സമ്മതിക്കണോടപ്പാ."


ഇനി, മുകളിൽ ആദ്യം രാമേട്ട പറഞ്ഞ എസ്റ്റെപിള് എന്താണ് എന്ന് അറിയേണ്ടേ? ഗ്യാസ് ട്രബിള്!