2013, ജനുവരി 30, ബുധനാഴ്‌ച

കുട്ട്യേമ്മുവിന്റെ കുണ്ട്ളിയും കുണ്ടുകയിലും അഥവാ കുട്ട്യേമ്മു, ദി ഗ്രേറ്റ്.



കുട്ട്യേമ്മുവിന്റെ കുണ്ട്ളിയും കുണ്ടുകയിലും അഥവാ കുട്ട്യേമ്മു, ദി ഗ്രേറ്റ്.

(ഒരു കൊച്ചു അനുഭവകഥ)



പ്രധാന ചേതന കഥാപാത്രം:


കുട്ട്യേമ്മു


അചേതന കഥാപാത്രങ്ങള്‍:

(ഇന്നത്തെ തലമുറയില്‍പെട്ടവര്‍ ഇവ കാണുക എന്നതുപോയിട്ടു കേള്‍ക്കുകപോലും നന്നേ അപൂര്‍വ്വം!)



കുണ്ട്ളി (വലിയ, വായ്‌ വട്ടമുള്ള, നല്ല കനമുള്ള, വെള്ളം നിറച്ചു സൂക്ഷിക്കുന്ന മണ്‍പാത്രം)


കുണ്ടുകയില്‍ ((കുണ്ടുള്ള ചിരട്ടയും മുളംകോലും കൊണ്ടുള്ള വലിയ സ്പൂണ്‍))


മട്ക്ക (വായ്‌ വട്ടമുള്ള മണ്‍കുടം)


***



ഈയിടെ ഒരു സുഹൃത്തിന്റെ വീട്ടില്‍ (മുംബെയില്‍))), മട്ക്കയും പ്രത്യേകരൂപത്തിലുള്ള ഒരു കയിലും കണ്ടു. അപ്പോള്‍, സ്കൂളില്‍ പഠിക്കുന്ന കാലത്തെ കുട്ട്യേമ്മുവിന്റെ കുണ്ട്ളിയും കുണ്ടുകയിലും ഓര്‍മ്മവന്നു. മട്ക്കവെള്ളംതന്നെയാണ് ഫ്രിഡ്ജില്‍ വെച്ച വെള്ളത്തേക്കാള്‍ അഭികാമ്യം. അതിനെ വെല്ലുന്നതായിരുന്ന കുട്ട്യേമ്മുവിന്റെ കുണ്ട്ളിയുടെ കാര്യം എഴുതാതെ വയ്യ.


സഹപാഠികള്‍, ഇടവേളകളിലും, ഇടക്കെല്ലായിപ്പോഴും നേരെ അടുത്തുള്ള കുട്ട്യേമ്മു അമ്മൂമ്മയുടെ വീട്ടുമുറ്റത്തെ തെങ്ങിന്തതടത്തില്‍ വെച്ച കുണ്ട്ളിയിലെ വെള്ളം കുണ്ടുകയില്‍ ഉപയോഗിച്ച് കുടിക്കും. ഒരാള്‍ വെള്ളം അങ്ങിനെ പകര്‍ന്നു കൊടുക്കുമ്പോള്‍, ആവശ്യമുള്ളയാള്‍ രണ്ടു കയ്കളും ചേര്‍ത്ത് കുമ്പിള്‍പോലെ ആക്കി അതില്‍ നിന്നും വെള്ളം മതിവരുവോളം അകത്താക്കും. ഇത് ഒരു സ്ഥിരം പതിവായിരുന്നു - വീട് അടുത്താണെങ്കിലും, ഞാനും ആ 'പരിപാടി'യില്‍ പങ്കുചേര്‍ന്നിരുന്നു. അതൊരു രസം.

''ദാഹിക്കുന്നു ഭഗിനീ കൃപാരസ 
മോഹനം കുളിര്തണ്ണീരിതാശു നീ'' 


എന്ന കവിയുടെ ഈ വരികൾ ഓർത്തുപോകും. എന്നാൽ, ചാമര്നായകന്റെ കിടാത്തിയുടെ പേടിയോ, ആശങ്കയോ ഇവിടെ ദാഹജലം പകര്ന്നുകൊടുക്കുന്നവരിലോ   പാനം ചെയ്യുന്നവരിലോ തീരെ ഇല്ല. ഒരേ ജാതി - വിദ്യാർത്ഥികൾ - വിദ്യാർത്ഥി സുഹൃത്തുക്കൾ.  


തൂങ്ങിക്കിടക്കുന്ന കാതുകളും മാറും കാണിച്ചു, ചിരിച്ചുകൊണ്ട്, വയസ്സായ കുട്ട്യേമ്മു അമ്മൂമ്മ, കുട്ടികള്‍ ഇങ്ങിനെ വെള്ളം കുടിക്കുന്നത് കണ്ടു ആനന്ദനിര്‍വൃതികൊള്ളും.  വെള്ളം കഴിയാറാകുമ്പോള്‍, കുട്ട്യേമ്മു ചിരിച്ചുകൊണ്ട് വിളിച്ചു പറയുന്നത് കേള്‍ക്കാം:


"നാറാണോ, കുണ്ട്ളീലെ വെള്ളം കഴിയാറായെടാ." എന്ന്വെച്ചാല്‍ പേരമകന്‍ നാരായണനോ അവന്റെ അമ്മയോ, അടുത്തുള്ള കിണറില്‍നിന്നും വെള്ളം കോരി കുണ്ട്ളി നിറയ്ക്കണം എന്നര്‍ത്ഥം. കുട്ട്യേമ്മു അമ്മൂമ്മയുടെ ആ സേവനം വളരെ വിലപ്പെട്ടതായിരുന്നു. ഒന്നോ രണ്ടോ പേര്‍ക്ക് വെള്ളം ചോദിച്ചാല്‍ കൊടുക്കല്‍ ആയിരുന്നില്ല അത്.


ഇന്നത്തെ ഈ തിരക്കുപിടിച്ച ജീവിതത്തില്‍, ഉയരങ്ങളിലെത്തി എല്ലാം വെട്ടിപ്പിടിക്കാന്‍ ശ്രമിക്കുന്ന സ്വാര്‍ത്ഥനായ മനുഷ്യന്‍, അക്ഷരാഭ്യാസമില്ലാത്ത, സ്നേഹം മാത്രം കൈമുതല്‍ ആക്കിയിരുന്ന കുട്ട്യേമ്മുഅമ്മൂമ്മയെപ്പോലുള്ളവരുടെ നിസ്വാര്‍ത്ഥമായ ആ സേവനങ്ങള്‍ക്ക് വിലകൊടുക്കാറുണ്ടോ? വര്‍ഷങ്ങളായി, സ്വന്തം തെങ്ങിന്‍ചുവട്ടില്‍ വെച്ച കുണ്ട്ളിയില്‍, തെങ്ങിന്പട്ടകൊണ്ട്
നെയ്ത പായകൊണ്ട് അടച്ചു വെച്ച വെള്ളം വഴി കുട്ടികളുടെ ദാഹശമനം വരുത്തുന്ന ആ മഹത്കാര്യം ഞാന്‍ ഇന്നെന്നപോലെ ആദരപൂര്‍വ്വം, നന്ദിപൂര്‍വ്വം സ്മരിക്കുന്നു. തീര്‍ച്ചയായും, എന്നെപോലെ കുറെ പേരെങ്കിലും ഇതൊക്കെ ഓര്‍ക്കുന്നുണ്ടാകുമെന്നു തീര്‍ച്ച.



ഇനി പറയൂ സുഹൃത്തുക്കളെ, കുട്ട്യേമ്മു അമ്മൂമ്മയെ ഒന്ന് കാണാന്‍ സാധിച്ചിരുന്നെങ്കില്‍, അവര്‍ നല്കിയിരുന്ന ദാഹജലം പാനംചെയ്യാന്‍ അവസരം ഉണ്ടായിരുന്നു എങ്കില്‍........ എന്ന് തോന്നുന്നില്ലേ

19 അഭിപ്രായങ്ങൾ:

  1. @A Muhammad:
    ആദ്യം എത്തി, ഈ മധുരമുള്ള സ്മരണകള്‍ നുകര്‍ന്ന് മധുരം കിനിയുന്ന അഭിപ്രായം ഇട്ട താങ്കള്‍ക്കു നന്ദി.

    മറുപടിഇല്ലാതാക്കൂ
  2. കഴിഞ്ഞ ദിവസം എവിടെയോ പോകുമ്പോൾ റോഡ് സൈഡിൽ ഒരു വീട്ടിന്റെ ഗേറ്റിനരുകിൽ മൺകൂജയിൽ വെള്ളം വെച്ചത് കണ്ടു. സന്തോഷം തോന്നി അത് കണ്ടപ്പോൾ, വണ്ടി നിർത്ത് കുറഛ് വെള്ളം കുടിച്ചാലോ എന്ന് തോന്നി.

    wishes...

    മറുപടിഇല്ലാതാക്കൂ
  3. മുല്ലാ, ബ്ലോഗ്‌ വായിച്ചു അഭിപ്രായം എഴുതിയതില്‍ സന്തോഷം, നന്ദി.

    മറുപടിഇല്ലാതാക്കൂ
  4. പ്രിയപ്പെട്ട ഡോക്ടര്‍,

    കുട്ട്യേമ്മു അമ്മൂമ്മയെപ്പറ്റി എഴുതിയത് വായിച്ചു. ഏറെ ഇഷ്ടപ്പെട്ടു. കുട്ടികളെ അതി വാത്സല്യത്തോടെ കരുതുകയും , ഊട്ടുകയുമൊക്കെ ചെയ്തിരുന്ന തന്റെ മുത്തശ്ശിയെപ്പറ്റി , എന്റെ പിതാവ് പലപ്പോഴും പറയാറുള്ളത് ഓര്‍മ്മ വന്നു. ആ സ്നേഹം കിട്ടാനുള്ള ഭാഗ്യം എനിക്കുണ്ടായില്ലല്ലോ എന്ന് ഇന്നും തോന്നാറുണ്ട്. അത്തരം അമ്മമാരുടെ കാലം കഴിഞ്ഞല്ലേ?... ആ സ്നേഹനിലാവിന്റെ വെട്ടം വരികളിലൂടെ വിതറിയ അങ്ങേയ്ക്ക് എല്ലാ നന്മകളും നേരുന്നു.

    ശുഭാശംസകൾ.................‍

    മറുപടിഇല്ലാതാക്കൂ
  5. ഇന്ന് ആളുകള്‍ക്ക് ഒന്നിന്നും സമയമില്ല.മറ്റുള്ളവരെ ശ്രദ്ധിക്കാന്‍ തീരെ സമയമില്ല. സ്കൂള്‍ വിട്ടു വരുന്ന കുട്ടികള്‍ക്ക് ശീമ നെല്ലിക്കയും (ളൂവിക്ക) മാമ്പഴവും കൊടുക്കുന്നതില്‍ സന്തോഷം കണ്ടെത്തിയിരുന്ന എന്‍റെ ചാച്ചനെ ഓര്‍ത്തു പോയി.

    മറുപടിഇല്ലാതാക്കൂ
  6. സൌഗന്ധികം, ബ്ലോഗ്‌ വായിച്ചു വിലയേറിയ അഭിപ്രായം പറഞ്ഞതില്‍ വളരെ സന്തോഷം ഉണ്ട്. അതെ, ആ സ്നേഹമൊക്കെ ഇന്ന് ആരെങ്കിലും അനുഭവിക്കുന്നുണ്ടോ? എന്റെ മുത്തശ്ശി, ഞാന്‍ ഉറങ്ങിക്കിടക്കുമ്പോള്‍, കുറേനേരം അടുത്ത് വന്നിരുന്നു, പോകുമ്പോള്‍ പുതച്ചു തന്നിട്ട് പോകും! ഈ ഉഷ്ണത്തില്‍ ആ കുട്ടിക്ക് എന്തിനാ തള്ളേ പുതച്ചു കൊടുത്തിരിക്കുന്നത് എന്ന ചീത്തയും പാവം കേള്‍ക്കും. ''സ്നേഹക്കൂടുതല്‍'' എന്ന വികാരം ആണ് അതൊക്കെ ചെയ്യിക്കുന്നതേ. :)

    മറുപടിഇല്ലാതാക്കൂ
  7. അതെ, വെട്ടത്താന്‍ സര്‍. ആര്‍ക്കും ഒന്നിനും സമയമില്ല. സ്നേഹിക്കാന്‍ സമയമില്ല. വേറെ എന്തെല്ലാം ജോലികള്‍ കിടക്കുന്നു!

    മറുപടിഇല്ലാതാക്കൂ
  8. കുണ്ട്ട് ളീന്ന് ആദ്യം കേള്‍ക്കുകയാണല്ലോ

    മറുപടിഇല്ലാതാക്കൂ
  9. നന്ദി, അജിത്‌ ഭായ്. കുണ്ട്ളി എന്നത് ഒരുപക്ഷെ ഗ്രാമ്യഭാഷ - പാലക്കാടന്‍) ആയിരിക്കാം. കുണ്ട്ളി ഇടുവ് എന്നൊരു സ്ഥലം എന്റെ ദേശത്തിന്റെ അടുത്തായി ഉണ്ട്!

    മറുപടിഇല്ലാതാക്കൂ
  10. എനിക്ക് ഒരുപാട് സന്തോഷം തോന്നി വായിച്ചിട്ട്.. എന്റെ അമ്മമ്മയേയും അച്ഛമ്മയേയും ഓര്‍ത്തു...

    മറുപടിഇല്ലാതാക്കൂ
  11. അതെ, അശ്വതീ, ഇങ്ങിനെയുള്ള കൊച്ചു കൊച്ചു വലിയകാര്യങ്ങള്‍ നാം പങ്കുവെക്കുമ്പോള്‍ - നമ്മുടെ അനുഭവങ്ങളുമായി ബന്ധപ്പെട്ടവയാകുമ്പോള്‍, നമുക്ക് സന്തോഷം തോന്നുന്നു. അഥവാ, സുഹൃത്തുക്കളുമായുള്ള ഈ അനുഭവവിനിമയം - അത് ഒന്ന് വേറെ തന്നെ!

    മറുപടിഇല്ലാതാക്കൂ
  12. പ്രിയരേ, ഞാന്‍ ഈ ബ്ലോഗ്‌ എന്റെ മെയില്‍ ലിസ്റ്റിലുള്ളവര്‍ക്ക് (എന്റെ ദേശം വെബ്‌സൈറ്റ് അട്മിനിസ്ട്രട്ടര്‍ക്ക് അടക്കം) അയച്ചുകൊടുത്തു. ആ സയ്റ്റിനു യോജിച്ചതെന്നു തോന്നി, അവിടെയും പബ്ലിഷ് ചെയ്തു. http://thiruvazhiyad.org

    ഞാന്‍ അവിടെ ഇങ്ങിനെ ഒരു കമന്റും ഇട്ടു:
    പ്രിയപ്പെട്ട കണ്ണേട്ടേ, എന്റെ മെയില്‍ ലിസ്റ്റിലുള്ളവര്‍ക്ക് (താങ്കള്‍ക്കടക്കം) എന്റെ ബ്ലോഗ്സ്പോട്ട് ഞാന്‍ അപ്ഡേറ്റ് ചെയ്ത് അയക്കുകയായിരുന്നു. എന്നാല്‍, ഇത് നമ്മുടെ ദേശവുമായി ബന്ധപ്പെട്ടതെന്നു മനസ്സിലാവുകയും, ഇവിടെ പ്രസിദ്ധീകരിക്കുകയും ചെയ്തതില്‍ വളരെ സന്തോഷം ഉണ്ട്, നന്ദിയും. ഇതുപോലെ പല ബ്ലോഗ്സും ഇങ്ങിനെ നമ്മുടെ ദേശമായും, ദേശക്കാരുമായും ബന്ധപ്പെട്ടത് എന്റെ ബ്ലോഗ്സ്പോട്ടില്‍ കാണാം. – Preman

    മറുപടിഇല്ലാതാക്കൂ

  13. ആഹാ! എന്താ മട്‌കയിലെ വെള്ളത്തിന്റെ ഒരു സ്വാദ്‌. കുട്ടിക്കാലം ഓർമിപ്പിച്ച്ചതിന്നു നന്ദി.

    മറുപടിഇല്ലാതാക്കൂ
  14. ഞാന്‍ കുണ്ട്ളീന്ന് ആദ്യമായി കേള്‍ക്കയാണ്. നഷ്ടപ്പെട്ട ആ പഴമയും അതിന്റെ നിര്‍മ്മലമായ ഭാവവും എത്ര സുന്ദരം അല്ലേ ? നന്നായിരിയ്ക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  15. നന്ദി, വിനോദ്. കുണ്ട്ളി എന്നത് ഒരുപക്ഷെ പാലക്കാടന്‍ ഗ്രാമ്യഭാഷയിലുള്ള വാക്ക് മാത്രമാവാം, അതും ഇപ്പോഴത്തെ തലമുറയ്ക്ക് പരിചിതമല്ലാത്തത്.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഡോക്ടര്‍ ,പുതിയ കുറെ വാക്കുകള്‍ കിട്ടിയതില്‍ സന്തോഷം .ഇനി ഇതൊക്കെയെടുത്ത് ഉപയോഗിച്ച് നോക്കട്ടെ .

      ഇല്ലാതാക്കൂ

.